എടത്വ: കേളമംഗലം ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച് കടന്നുകളയാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പോലീസ് പിന്തുടര്ന്ന് പിടികൂടി. കൊല്ലം സ്വദേശികളായ ഷംനാദ് (37), അര്‍ഷാദ് (39), നിയാസ് (38), ആഷിഖ് (28) എന്നിവരെയാണ് എടത്വ പോലീസ് നീരേറ്റുപുറത്തിന് സമീപം വെച്ച് പിന്തുടര്ന്ന് പിടികൂടിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടിയാണ് സംഭവം.
മദ്യം വാങ്ങാന്‍ ബിവറേജസ് ഔട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ എത്തിയ നാലംഗ സംഘം ജീവനക്കാരനായ ഷിജിയുമായി (48) വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കൈയ്യില്‍ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്കും ബിവറേജസില്‍ എത്തിയ മറ്റുള്ളവര്‍ക്കും നേരെ സംഘം അക്രമത്തിന് മുതിരുകയും ഇവര്‍ വന്ന വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്ത ശേഷമാണ് സംഭവസ്ഥലത്തു നിന്ന് കടന്നത്.
തിരുവല്ല ഭാഗത്തേയ്ക്ക് കടന്ന വിവരം ജീവനക്കാര്‍ സ്റ്റേഷനില്‍ അറിയിക്കുകയും ഇവരെ പിന്തുടര്‍ന്ന പോലീസ് നീരേറ്റുപുറം ഭാഗത്തു വെച്ച് സംഘത്തെ പിടികൂടുകയും ചെയ്തു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എടത്വ സിഐ എം. അന്‍വര്‍, എസ്ഐമാരായ റിജോ, രാജപ്പന്, ജോസി, ഹെഡ് കോണ്‍സ്റ്റബിള്‍ ബിനു, സിപിഒമാരായ ഇമ്മാനുവേല്‍, കിരണ്‍, സുജിത്ത്, പുന്നപ്ര സിപിഒ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.